പള്ളിവളവ്: മതിലകം ഗ്രാമപഞ്ചായത്തിൽ കുടിവെള്ളവിതരണം താറുമാറായതിൽ പരസ്പരം പഴിചാരി യുഡിഎഫും സിപിഎമ്മും. മതിലകം ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതയാരോപിച്ചാണ് യുഡിഎഫ് മതിലകം പഞ്ചായത്ത് ഓഫീസിലേക്കു മാർച്ച് നടത്തിയത്.
കഴിഞ്ഞ ആറുമാസമായി മതിലകം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളവിതരണം പൂർണമായും തകരാറിലാണെന്ന് യുഡിഎഫ് ആരോപിച്ചു. മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണു കുടിവെള്ളം ലഭിക്കുന്നത്. കഴിഞ്ഞദിവസം യുഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ സമരത്തെത്തുടർന്ന് രണ്ടു ദിവസത്തിനുള്ളിൽ കുടിവെള്ളവിതരണം പുനസ്ഥാപിക്കുമെന്നാണു വാട്ടർ അഥോറിറ്റി പറഞ്ഞത്.
കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ട മതിലകം ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥത ആരോപിച്ച് യുഡിഎഫ് മതിലകം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കു മാർച്ച് നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ടി.എസ്. ശശി അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുനിൽ പി. മേനോൻ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് നേതാക്കളായ ഷിബു വർഗീസ്, ഒ.എ. ജെന്ററിൻ, സലീം, കെ.എ. സുധീർ, ഇ.എസ്. നിയാസ്, വി.കെ. ഷണ്മുഖൻ, പി.ആർ. രാജേഷ്, പി.എം. ജമാലുദ്ദീൻ, ആർ.എം. ജലീൽ, നസീമ നൗഫൽ, ബീന റഹീം, ലിസി വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.
ഇതേസമയം ഒരു മാസത്തിലേറെയായി കുടിവെള്ളവിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നാരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ മതിലകം വാട്ടർ അഥോറിറ്റി ഓഫീസിലേക്കു ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു. എൽഡിഎഫ് ജില്ലാ കണ്വീനർ പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ടി.എസ്. ഗോപിനാഥൻ അധ്യക്ഷനായി. നേതാക്കളായ ഇ.ജി. സുരേന്ദ്രൻ, പി.എം. ആൽഫ, സുമതി സുന്ദരൻ, ഷിജ ബാബു, വി.എസ്. രവീന്ദ്രൻ, ഹസീന റഷീദ്, എം.എ. ബിനേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് അതിവേഗം കുടിവെള്ളവിതരണം ആരംഭിക്കാമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.
സമരം അവസാനിക്കുന്നതിനുമുൻപേ ഓഫിസിലേക്കു ജീവനക്കാരെ കടത്തിവിടാൻ ശ്രമിച്ചത് സിപിഎം പ്രവർത്തകർ തടഞ്ഞത് ചെറിയ രീതിയിൽ സംഘർഷം സൃഷ്ടിച്ചു. പോലീസുമായി നേരിയ സംഘർഷവുമുണ്ടായി.